Oru Cheru Katha
അന്നൊരു മോശം ദിവസമായിരുന്നു… പ്രതീക്ഷയ്ക്കു വകയുള്ള ഒരു മുഖവും കാണാത്ത, ഒരു വാക്കും കേൾക്കാത്ത സെയിൽസ് മനേജരുടെ ഒരു ദിവസത്തിന്റെ ഒടുവിൽ അയാൾ അങ്ങനെ ചിന്തിച്ചില്ലെങ്കിലേ അത്ഭുതം തോന്നേണ്ടതുള്ളൂ… പ്രതീക്ഷയോടെ വന്നു ചേർന്ന ചെന്നൈ നഗരത്തിൽ നിന്ന്, നിരാശയോടെ ഈ വൈകുന്നേരം ഞാൻ മടങ്ങുന്നു… റെയിൽവേ സ്റ്റേഷനിൽ നല്ല തിരക്കുണ്ടായിരുന്നു… തലയിലും നൂറു ചിന്തകൾ തിരക്കു കൂട്ടുന്നു… വല്ലാത്ത ബഹളം… ഏതൊരു തിരക്കിൽ നിൽക്കുമ്പോഴും, ഏതർത്ഥത്തിലും ശുദ്ധവായു കിട്ടുന്ന ഒരിടം തേടുന്ന ഒരാളെ പോലെ ഞാനും ഇടം വലം നോക്കിക്കൊണ്ടിരുന്നു… അങ്ങനെ കണ്ണുകൾ ചുറ്റും പരതുമ്പോഴാണ് അവൾ കൺമുന്നിലേക്ക് വരുന്നത്… മാന്യമായി വസ്ത്രം ധരിച്ച വെളുത്ത് സുന്ദരിയായ ഒരു പെൺകുട്ടി… ദുഖമോ, ആകുലതയോ കടിച്ചമർത്തുന്ന മുഖം… അവളും എന്നെ പോലെ ചുറ്റും നോക്കുന്നുണ്ട്…
ഒരു നിമിഷം… എന്നെ കണ്ടതും, ഷോൾഡർ ബാഗിന്റെ ബെൽറ്റിൽ മുറുകെപ്പിടിച്ച് കൊണ്ട് അവൾ എന്നെ തന്നെ സൂക്ഷിച്ചു നോക്കി… പ്രതീക്ഷിച്ച ആരോ ആണ് ഞാൻ എന്ന് തീർച്ചപ്പെടുത്താനെടുത്ത നിമിഷങ്ങൾക്കൊടുവിൽ, അവളുടെ മുഖത്ത് ഒരു ചെറു ചിരി വിടർന്നു… അതെന്നെ നോക്കി തന്നെയോ…? ഞാൻ എന്റെ ചുറ്റിനും നോക്കി… അല്ല… മറ്റാരെയും അല്ല… എന്നെ തന്നെയാണ് അവൾ നോക്കുന്നത്… അവളിപ്പോൾ കുറച്ചു കൂടി നന്നായി പരിചിതഭാവത്തിൽ ചിരിക്കുന്നു… എന്നാൽ എന്റെ മുഖത്ത് ചിരി വന്നില്ലെന്ന് മാത്രമല്ല, ഒരു നിഷേധഭാവം കൂടി വന്നെന്നു തോന്നി… ഒന്നു രണ്ട് നിമിഷം കൂടി അവൾ അതേ ചിരിയുമായി നിന്നു… ഞാൻ മുഖം തിരിച്ചു… മനുഷ്യനു ഭ്രാന്തു പിടിച്ചു നിൽക്കുന്ന നേരത്താണ് ഒട്ടും പരിചയമില്ലാത്ത ഒരുത്തി ചിരിച്ചു കാണിക്കുന്നത്… എന്നെ അറിയുന്ന ഒരുവളാണെങ്കിൽ അടുത്തു വന്നു മിണ്ടുമല്ലോ… ഇതതല്ല… അപ്പോൾ…? ഓഹ്…! മനസിലായി…!! ഒന്നു കൂടി അവജ്ഞയോടെ അവളെ നോക്കി… ഇത്തവണ അവളുടെ ചിരി മാഞ്ഞു… മാത്രമല്ല, അവളുടെ മുഖം നിരാശയാൽ ഇരുണ്ടിരിക്കുന്നു…
എല്ലാ ശ്രദ്ധയിൽ നിന്നും എന്നെ തിരിച്ചു വിളിക്കുവാൻ വേണ്ടിയെന്ന പോലെ ഹോൺ മുഴക്കിക്കൊണ്ട് ട്രെയിൻ വന്നു… കമ്പാർട്ട്മെന്റിൽ കയറിയതിനു ശേഷവും ഞാൻ അവളെ ഒരു നിമിഷം അറിയാതെ ശ്രദ്ധിച്ചു… ചിരപരിചിതനായ ഒരാൾ എന്നേക്കുമായി യാത്രപറഞ്ഞു പോകുമ്പോൾ അയാളെ യാത്രയയക്കാനെത്തിയ ഒരാളുടെ അവസാന നോട്ടമാണ് അവളുടെ മുഖത്തെന്ന് തോന്നി… ഞാനെന്തിനാണ് അത്ര അനുതാപത്തോടെ അങ്ങനൊക്കെ ചിന്തിക്കുന്നതെന്ന് എനിക്കു മനസിലായില്ല… ഒരിക്കൽ കൂടി ഞാൻ മന:പൂർവ്വം നോട്ടം തിരിച്ചു… ആരാണവൾ…? ട്രെയിൻ സ്റ്റേഷൻ വിട്ടിട്ടും എന്റെ മനസ് അവിടേയ്ക്ക് തിരികെ പോകുന്നതു പോലെ തോന്നി… എന്തിനാണ് ഞാൻ വെറുതേ അവളെക്കുറിച്ച്, അല്ലെങ്കിൽ ഏതോ ഒരു പെണ്ണിന്റെ ചിരിയെക്കുറിച്ച് ഓർത്ത് സമയം കളയുന്നത്…
0 Comments